'വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കും': മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോട് പി കെ ശശി

വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് “പാർട്ടി നയം” എന്ന വിവാദ പ്രസംഗവുമായി ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി. പാലക്കാട് കരിമ്പുഴയിലെ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോടാണ് വിശ്വസിച്ചാൽ സംരക്ഷിക്കുമെന്നും ചതിച്ചാൽ ദ്രോഹിക്കുമെന്നും ശശി വ്യക്തമാക്കിയത്. സാമൂഹിക അകലം പോലും പാലിക്കാതെയാണ് സിപിഎം എംഎൽഎ ഇവരെ സ്വീകരിക്കാനെത്തിയത് എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

“”ഈ പാർട്ടിയുടെ ഒരു പ്രത്യേകത എന്താന്ന് വച്ചാൽ, പാർട്ടിയെ വിശ്വസിച്ച് കൂടെ വന്നാൽ, പൂർണ്ണമായ സംരക്ഷണം തരും. ആവശ്യമായ എല്ലാ സഹായവും സുരക്ഷിതത്വവും തരും. വളരെ വ്യക്തമായിട്ട് പറയാണ്. അതല്ല, ചതിച്ചാൽ, പാർട്ടി ദ്രോഹിക്കും. ഇത് പാർട്ടിയുടെ ഒരു നയമാണ്. ഞങ്ങളെല്ലാം പിന്തുടരുന്ന നയമാണ്””, എന്നാണ് മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പി കെ ശശി പറയുന്നത്.

പാലക്കാട് കരിമ്പുഴ പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് പ്രവർത്തകനുമായ രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ അമ്പതോളം പേർ കഴിഞ്ഞ ദിവസം സിപിഎമ്മുമായി സഹകരിക്കാൻ ലീഗ് അംഗത്വം ഉപേക്ഷിച്ച് എത്തിയിരുന്നു. ഇവരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യാൻ കരിമ്പുഴ ലോക്കല് കമ്മിറ്റി ഓഫീസിൽ എത്തിയതായിരുന്നു പി.കെ ശശി എന്നാണ് റിപ്പോർട്ട്.