വനിതാ നേതാവിന്റെ പരാതിയിൽ നടപടി നേരിട്ട പി.കെ ശശിയെ വേഗത്തിൽ തിരിച്ചെടുത്തത്​ ശരിയായില്ല; പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഎം പാലക്കാട് ജില്ലസമ്മേളനത്തിൽ പി.കെ ശശിക്കെതിരെ വിമർശനം. വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി നടപടി നേരിട്ട ശശിയെ വേഗത്തിൽതിരിച്ചെടുത്തത്​ ശരിയായില്ലെന്നാണ്​ വിമർശനം. കെടിഡിസി ചെയർമാൻ ആയപ്പോൾ ശശി പത്രത്തിൽ പരസ്യം നൽകിയതിനെതിരെയും വിമർശനമുണ്ടായി. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് ​ പ്രധാനമായും വിമർശനമുന്നയിച്ചത്.

സർക്കാരിന്റെ പൊലീസ്​ സ​​മ്പ്രദായത്തിനെതിരെയും വിമർശം ഉയർന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാവുന്നു​. ഇത്​ തിരുത്തപ്പെടണമെന്ന്​ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണ​മ്പ്ര ഭൂമിയിടപാടിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും പ്രതിനിധികൾ ഉന്നയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ.ചാമുണ്ണി മാത്രമല്ല ഇടപാടിലെ കുറ്റക്കാരൻ. ഒറ്റപ്പാലം സഹകരണബാങ്ക്​ അഴിമതിയുമായി ബന്ധപ്പെട്ട്​ അന്വേഷണം വേണമെന്നും പ്രതിനിധികൾ ആവശ്യം ഉന്നയിച്ചു.

അതേസമയം, പാലാക്കാട്​ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്​ പി.കെ.ശശിയുടെ പേരും ഉയർന്ന്​ കേൾക്കുന്നുണ്ട്​. മൂന്ന്​ ടേം പൂർത്തിയാക്കിയ സി.കെ. രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ പകരം സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്​. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽ ഒമ്പത് എണ്ണത്തിൽ പി.കെ. ശശി വിഭാഗത്തിനും ആറ് ഏരിയ കമ്മിറ്റികളിൽ മറുപക്ഷത്തിനുമാണ് മേൽക്കൈ.