ഗവര്‍ണറുടെ നടപടികള്‍ ബാലിശം, ജനങ്ങള്‍ക്ക് ഈ നാടകം മടുത്തു: കുഞ്ഞാലിക്കുട്ടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ തികച്ചും ബാലിശമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നടപടികള്‍ സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട ഒരു രീതിയുണ്ട്. ഈ നാടകം മടുത്തെന്നും യാതൊരു വിലയുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ വിവാദം സിപിഎം ന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസസയം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കനക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി വിദേശത്തു പോയപ്പോള്‍ പകരം ചുമതല ആര്‍ക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ കത്ത് അയച്ചത്. കത്തിന്റെ പകര്‍പ്പ് പ്രധാന മന്ത്രിക്കും അയച്ചിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ സിപിഎമ്മിന്റെ സംസ്ഥാനനേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സി.പി.എം ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ പരമ്പരയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇടതു മുന്നണി. നവംബര്‍ 15 വരെ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് ഇടതുമുന്നണി തുടക്കംകുറിച്ചിരിക്കുന്നത്. ഗവണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ തുറന്ന് കാണിക്കാന്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടത്തും.

Read more

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെയും ധനമന്ത്രിക്കുള്ള പ്രീതി പിന്‍വലിച്ചും ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെയാണ് സമരത്തിന് ഇറങ്ങാന്‍ ഇടത് മുന്നണി തീരുമാനിച്ചത്. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ നവംബര്‍ 15 വരെ നില്‍ക്കാതെ കൊണ്ടുപോകാനാണ് ഇടത് മുന്നണി തീരുമാനം.