ഇ.ഡി പാണക്കാട് എത്തി എന്നത് സത്യമാണ്; തങ്ങളെ ചോദ്യം ചെയ്തില്ല, എത്തിയത് ചന്ദ്രിക പത്രത്തിലെ പണമിടപാടിന്റെ പേരിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

പാണക്കാട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെന്ന കെ.ടി ജലീലിന്റെ ആരോപണം സ്ഥിരീകരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടു എന്നത് യാഥാർത്ഥ്യമാണെന്നും ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് സന്ദർശനമെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

മുസ്ലിം ലീഗിന്റെ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി. ചോദ്യം ചെയ്തെന്നുമാണ് കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ പാലാരിവട്ടം പാലം കമ്മീഷൻ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങൾ ഭാ​ഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രികയിൽ വന്ന പണത്തിന് പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്നാണ് ഇ.ഡി അന്വേഷിച്ചത്. എല്ലാ ഇടപാടുകളും നടത്തിയത് ബാങ്ക് മുഖേനയാണെന്നും നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹത നിറഞ്ഞതാണെന്ന ആരോപണത്തിനും കുഞ്ഞാലിക്കുട്ടി മറുപടി നൽകി. മകൻ നടത്തിയത് നിയമാനുസൃതമായ ഇടപെടലാണെന്നും എസ്ബിഐയിലുണ്ടായിരുന്ന പണം എ.ആർ ന​ഗറിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് തങ്ങളെ ചതിക്കുഴിയിൽ ചാടിച്ചുവെന്നായിരുന്നു ജലീലിന്റെ ആരോപണം. എ.ആർ നഗർ ബാങ്ക് ഭരണ സമിതി പിരിച്ചു വിടണമെന്ന് ജലീൽ ആവശ്യപ്പെട്ടു.

2021 മാർച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആർ നഗറിലെ ബാങ്കിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കിൽ പ്രമുഖർക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.

Read more

മേയ് 25നാണ് ആദായനികുതി വകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങൾ കൈമാറുന്നതും പിൻവലിക്കുന്നതും വിലക്കാൻ നി‌‍‍ർദ്ദേശം നൽകുന്നത്. പട്ടികയിലെ ഒന്നാമത്തെ പേരാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖ് പാണ്ടിക്കടവത്തിന്റേത്.