"നിങ്ങള്‍ക്കു വേണ്ടി, ഈ നാടിന് വേണ്ടി ഞാന്‍ വാശിപിടിച്ചില്ല. ഞാന്‍ നല്‍കിയത് എന്റെ കുട്ടിക്കാലമാണ്’’. ; ചാണ്ടി ഉമ്മന് വേണ്ടി ലൂസിഫർ സിനിമയിലെ ടൊവിനോയുടെ ഡയലോഗ് എടുത്ത് പി കെ ഫിറോസ്

പുതുപ്പള്ളി നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പ്രമുഖ മുന്നണിയിലെ സ്ഥാനാർ‌ത്ഥികളെല്ലാം പ്രചാരണ രംഗത്ത് സജീവമാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങുന്നത്.ചാണ്ടി ഉമ്മനായി പ്രചാരണരംഗത്ത് യുഡിഎഫ് മുന്നണിയിലെ പ്രമുഖരെല്ലാം തന്നെ ഇറങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ചാണ്ടി ഉമ്മന് വേണ്ടി നടത്തിയ പ്രസംഗമാണ് ഏറെ കൗതുകം ഉണർത്തുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ലൂസിഫറിൽ ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയോലോഗാണ് പികെ ഫിറോസ് എടുത്ത് ഉപയോഗിച്ചത്.

തന്റെ പിതാവിന്റെ സാമിപ്യം ആവശ്യമുള്ള സമയത്ത്, പിതാവിനെ നാടിന് നല്‍കിയ കുട്ടിക്കാലവും കൗമാരവുമുള്ളയാളാണ് ചാണ്ടി ഉമ്മനെന്ന് പി.കെ. ഫിറോസ് പറഞ്ഞു.കുട്ടിക്കാലം നാടിന് നല്‍കിയ ഒരു നേതാവിന്‍റെ പേരാണ് ചാണ്ടി ഉമ്മനെന്ന് നമുക്ക് അഭിമാനത്തോടെ പറയാമെന്നും ഫിറോസ് പറയുന്നു.

ജിതൽ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവിനോ സിനിമയിലെത്തുന്നത്.പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും, അച്ഛന്റെ മരണശേഷം രാഷ്ട്രീയ പ്രവേശനം നടത്തുന്ന യുവനേതാവുമായി താരം നടത്തിയ പ്രസംഗം ആരാധകർക്കിടയിൽ തരംഗമായിരുന്നു.പ്രസംഗം ഇങ്ങനെയായിരുന്നു.

എന്റെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ എനിക്കുകൂടെ പങ്കുണ്ട്. എന്താണ് കാരണം എന്ന് സദസിനോട് പറയുമ്പോള്‍, ആ സദസില്‍ നിന്ന് എഴുന്നേറ്റ് ഒരു രു പെണ്‍കുട്ടി, വൈ എന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറയുന്നത്, ‘‘എന്റെ കുട്ടിക്കാലം, കൗമാരക്കാലം എന്റെ അച്ഛന്റെ സാമിപ്യം ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ വേണമെങ്കില്‍ എനിക്ക് വാശിപിടക്കാമായിരുന്നു. പക്ഷേ നിങ്ങള്‍ക്കു വേണ്ടി ഈ നാടിന് വേണ്ടി ഞാന്‍ വാശിപിടിച്ചില്ല. ഞാന്‍ നല്‍കിയത് എന്റെ കുട്ടിക്കാലമാണ്’’.

അതുപോലെ കുട്ടിക്കാലം നല്‍കിയ ഒരു നേതാവിന്റെ പേരാണ് ചാണ്ടി ഉമ്മനെന്ന് നമുക്ക് അഭിമാനത്തോടെ പറയാനാകുമെന്ന് പികെ ഫിറോസ് പറ‍ഞ്ഞു.ഉമ്മനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ഫിറോസ് താരതമ്യം നടത്തിയത്.