നിയമപരിധിയില്‍ നിന്ന് സഹായം ചെയ്യണം; അറസ്റ്റിലായ തുഷാറിനായി മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചു

തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കസ്റ്റഡിയില്‍ ഉള്ള തുഷാറിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, തുഷാറിനെ മനഃപൂര്‍വം കുടുക്കിയതാണെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും നിയമപരമായി പ്രശ്‌നത്തെ നേരിടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇതെന്നും തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി വിശദീകരിച്ചു.

ഇന്നലെയാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വെച്ച് അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തു മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.