ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി; ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതിസന്ധികള്‍ പുറത്തുകൊണ്ടുവന്ന ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹാരിസിന്റെ പ്രവൃത്തി ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് പിണറായി വിജയന്റെ വിമര്‍ശനം.

അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ടാകാം, അത് കേരളത്തെ താറടിച്ച് കാണിക്കണം എന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധം പുറത്തു വിടരുത്. നല്ല പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ അത് ഇടയാക്കും എന്നായിരുന്നു പിണറായി പറഞ്ഞത്. കണ്ണൂരിലെ മേഖലാ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അഭാവത്തില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ മുടങ്ങുന്നുവെന്ന് അറിയിച്ച് ഡോ ഹാരിസ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ സംഭവം വാര്‍ത്തയായതോടെ താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഹാരിസ് പറഞ്ഞിരുന്നു.

Read more

ഹാരിസിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചിരുന്നത്.