സ്ത്രീകളെ കമ്പോളീകരിക്കുന്ന ദുഷിച്ച ഏര്‍പ്പാട്, സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

സ്ത്രീധന സമ്പ്രദായത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. ഏറ്റവും ദുഷിച്ച ഏര്‍പ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേല്‍ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് പുതിയ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ ഒക്കെ പരാതി സമര്‍പ്പിക്കാവുന്നതാണ്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷന്മാര്‍ക്കും കൃത്യമായ ബോധം ഉണ്ടാവണം. അതിനുതകുന്ന വിവാഹപൂര്‍വ കൗണ്‍സിലിങ് പദ്ധതി ആരംഭിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു

മികച്ച ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്കു കടന്നുവരാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന പരിശോധന ഉണ്ടാകണം. സ്ത്രീ തൊഴിലാളികള്‍ക്കു കുറഞ്ഞ കൂലിയും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളും മാത്രം മതിയാകും എന്ന ചിന്ത അംഗീകരിക്കാവുന്നതല്ല. അത്തരം വിവേചനങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ സര്‍ക്കാര്‍ ഇടപെടുക തന്നെ ചെയ്യും. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ അതിനുതകുന്ന സാമൂഹികാവബോധം കൂടി വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അവാര്‍ഡ് ജേതാക്കളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.