'ഇന്‍തിഫാദ' തീവ്രവാദ ബന്ധമുള്ള പേരെന്ന് ഹര്‍ജി; കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ വിവാദം പുകയുന്നു; നോട്ടീസ് അയച്ച് ഹൈക്കോടതി

കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്‍തിഫാദ എന്ന പേരിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് ഹൈക്കടോതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലയ്ക്കും നോട്ടീസ് അയച്ചത്. നിലമേല്‍ എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥി ആശിഷ് എഎസ് ആണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

മാര്‍ച്ച് 7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വകലാശാല കലോത്സവത്തിനാണ് ഇന്‍തിഫാദ എന്ന് പേരിട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലയ്ക്കും നോട്ടീസ് അയച്ചത്.

എന്നാല്‍ ഇന്‍തിഫാദ എന്ന പേരില്‍ തന്നെയാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന യൂണിയന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രചരണ ബാനറുകളുമായി മുന്നോട്ട് പോകുന്നത്. അതേ സമയം പേരിനെ കുറിച്ച് പഠിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. വിവാദം കോടതിയിലെത്തിയിട്ടും പേരിനെ കുറിച്ച് പ്രതികരിക്കാന്‍ യൂണിയന്‍ തയ്യാറായിട്ടില്ല.