പെരിയ ഇരട്ട കൊലക്കേസ്: ക്രൈം ബ്രാഞ്ച് കേസ് ഡയറി കെെമാറുന്നില്ലെന്ന് സി.ബി.ഐ

പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം വഴിമുട്ടിയ അവസ്ഥയിൽ. കേസ് സംബന്ധിച്ച രേഖകളും കേസ് ഡയറിയും ക്രൈം ബ്രാഞ്ച് സിബിഐയ്ക്ക് കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.  പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയത്.

പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ  കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബർ 25- ന്  കേസ് എറ്റെടുത്ത് സിബിഐ  കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബ‌ഞ്ചിനെ സമീപിച്ചു.  സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബ‌ഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിൽ അന്വേഷണത്തിനും തടസ്സമില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്.  സുപ്രീം കോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായിരുന്നു  സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായത്.

അതേസമയം പെരിയ  ഇരട്ടക്കൊലപാത കേസിൽ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച്  കൊച്ചി സിബിഐ ഓഫീസിന് മുന്നിൽ കൊല്ലപ്പെട്ടവരുടെ  ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ്  പ്രതിഷേധിച്ചിരുന്നു. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് സമരം നടത്തിയത്. സംസ്ഥാന സർക്കാർ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.