പിസി ജോര്‍ജ്ജ് ബിജെപിയിലേക്ക്; ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച

മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരമെന്നും പിസി കൂട്ടിച്ചേര്‍ത്തു.

നദിയില്‍ തോട് ചേരുന്നുവെന്നാണ് ബിജെപി പ്രവേശനത്തെ കുറിച്ച് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധമില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്‌റു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും പിസി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിക്ക് പിന്തുണ നല്‍കുന്നതാണ് ശരിയെന്നാണ് പാര്‍ട്ടിയിലെ എല്ലാവരുടെയും അഭിപ്രായം. സീറ്റൊന്നും പ്രശ്‌നമല്ല. പത്തനംതിട്ടയില്‍ നില്‍ക്കണമെന്ന് തനിക്ക് ഒരു നിര്‍ബന്ധവുമില്ല. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ നില്‍ക്കുമെന്നും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.