പാര്‍ട്ടിയാണ് ആയുധം, പാര്‍ട്ടിയെ അമ്മയെ പോലെ കരുതണം: നേതാക്കളെ പരോഷമായി വിമര്‍ശിച്ച് ഡി. രാജ

സിപിഐയിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി.രാജ പറഞ്ഞു. പാര്‍ട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാര്‍ട്ടിയെ സ്‌നേഹിക്കാന്‍ കഴിയണമെന്നും
ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡി.രാജ പറഞ്ഞു.

അതേസമയം, പ്രതിനിധി സമ്മേളനത്തില്‍ പതാകയുയര്‍ത്താന്‍ സി. ദിവാകരന്‍ വൈകിയെത്തിയത് ശ്രദ്ധേയമായി. പതാക ഉയര്‍ത്തേണ്ട സമയമായിട്ടും സമ്മേളന ഹാളില്‍ നിന്ന് എത്താതിരുന്ന ദിവാകരനെ ആളയച്ച് വിളിപ്പിക്കുകയായിരുന്നു. ഹാളിനുള്ളില്‍ അനൗണ്‍സ്‌മെന്റ് ഇല്ലാത്തതിനാല്‍ അറിഞ്ഞില്ല എന്നാണ് സി. ദിവാകരന്‍റെ വിശദീകരണം. ദീപശിഖ സ്വീകരിക്കാനും ദിവാകരന്‍ എത്തിയില്ല.

അസാധാരണ സമ്മേളനത്തിനാണ് തുടക്കമായിരിക്കുന്നത് എന്ന് പതാക ഉയര്‍ത്തിയ ശേഷം സി. ദിവാകരന്‍ പറഞ്ഞു. പാവങ്ങളുടെ പാര്‍ട്ടിയാണ് സിപിഐ എന്നും രാജ്യം എ.രാജയേയും കാനം രാജേന്ദ്രനെയും ഉറ്റുനോക്കുകയാണെന്നും ദിവാകരന്‍ പറഞ്ഞു.

പ്രായപരിധി വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന് സി. ദിവാകരന്‍ രാവിലെ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു. മയപ്പെടാനും ഭയപ്പെടാനും ഇല്ലെന്നും പാര്‍ട്ടിക്ക് കീഴടങ്ങുമെന്നും ദിവാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘മയപ്പെടാനും ഭയപ്പെടാനും ഇല്ല. പാര്‍ട്ടിക്ക് കീഴടങ്ങും, നേതൃത്വത്തിന് അല്ല. ഞാനും നേതൃത്വം അല്ലേ. പാര്‍ട്ടി തീരുമാനിക്കുന്നതാണ് എന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ കാര്യങ്ങള്‍ ഡി രാജയോട് ചോദിക്കണം’ സി. ദിവാകരന്‍ പറഞ്ഞു.

പ്രായപരിധിയില്‍ ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞെന്ന് കെ.ഇ.ഇസ്മായില്‍ പ്രതികരിച്ചു. മറ്റുകാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഇസ്മായില്‍ പറഞ്ഞു. സി.പി.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ കേന്ദ്രനേതൃത്വം വ്യക്തത വരുത്തിയേക്കും. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി.രാജ നിലപാട് പറയും. പ്രായപരിധി കര്‍ശനമാണോ എന്ന് വ്യക്തമാക്കും. പ്രായപരിധി വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം.