"പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം": പാലത്തായി കേസിൽ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ

പാലത്തായി പീഡന കേസിലെ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ. പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട്. അന്വേഷണം പൂർത്തിയാവാതെ പ്രതിക്കെതിരെ പോക്സോ ചുമത്താൻ ആവില്ലെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

കേസിലെ പ്രതി പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ക്രൈം ബ്രാഞ്ച് തങ്ങളുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയിൽ നിന്നും കഥകൾ ഉണ്ടാക്കുന്ന സ്വഭാവവും ഉണ്ട് എന്നും പറയുന്നു. പെൺകുട്ടിക്ക് നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലർമാരുടെ സഹായം നൽകിയിരുന്നു. കൗണ്‍സിലേര്‍സ് നൽകിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.

പ്രതിയുടെ പോക്സോ ഒഴിവാക്കി കൊണ്ടുള്ള ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.