തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നെല്ല് സംഭരണ തുക ഇന്നു മുതല്‍ വിതരണം ചെയ്യും

ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ നെല്ല്സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഇന്നു മുതല്‍ വിതരണം ചെയ്യും. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയാണ് നല്‍കുക.
സംസ്ഥാനത്ത് സപ്ലൈകോ ഇതിനകം 23500 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചിരിക്കുന്നത്. ആലപ്പുഴയിലും പാലക്കാട്ടും കോട്ടയത്തും മികച്ച നിലയിലാണ് നെല്ല് സംഭരണം പുരോഗമിക്കുന്നത്.

സംഭരണവില പിആര്‍എസ് വായ്പയായി എസ്ബിഐ, കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വഴിയാണ് വിതരണം ചെയ്യുക. കഴിഞ്ഞ സീസണില്‍ 2,50,373 കര്‍ഷകരില്‍ നിന്നായി 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിരുന്നു.

കുട്ടനാട്ടില്‍ സെപ്തംബര്‍ 26 നും പാലക്കാട് ഒക്ടോബര്‍ അഞ്ചിനുമാണ് നെല്ല്സംഭരണം ആരംഭിച്ചു. 11 മില്ലുകള്‍ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നു. സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ 200 കോടി അനുവദിച്ചിട്ടുണ്ട്.