പിഎം ശ്രീയിൽ കടുപ്പിക്കാൻ സംഘടനകൾ; സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുമ്പോൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ. സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സർക്കാൾ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെ ശക്തമായ എതിർപ്പുമായി സിപിഐ അടക്കം മുന്നോട്ട് പോകുമ്പോഴാണ് എതിർപ്പുമായി സംഘടനകൾ പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്. പദ്ധതി പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

വിഷയത്തിൽ സിപിഐയും ഇടഞ്ഞു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്. അതേസമയം പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് നിലപാടിലാണ് സർക്കാരും സിപിഎം നേതൃത്വവും.

Read more