മലയാളിക്ക് മറ്റു സംസ്ഥാനങ്ങളില്‍ പോയി പലചരക്ക് വാങ്ങേണ്ട അവസ്ഥയെന്ന് പ്രതിപക്ഷം; മറുപടിയുമായി മന്ത്രി

സംസ്ഥാനത്ത് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും വിലകൂടിയെന്നും ജനങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളില്‍ പോയി പലചരക്ക് വാങ്ങേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളതെന്നും ആരോപിച്ച് പ്രതിപക്ഷം. പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടെന്ന കാരയം മന്ത്രി തന്നെ സമ്മതിച്ചുവെന്നും എംഎല്‍എ റോജി എം ജോണ്‍ പറഞ്ഞു.

നിയമസഭയില്‍ മന്ത്രി അവതരിപ്പിച്ച കണക്ക് അദ്ദേഹത്തിന് സ്വന്തം വീട്ടില്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്തതാണെന്നും എംഎല്‍എ വിമര്‍ശിച്ചു. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റയും വില കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നുണ്ട്. അതിനാല്‍ നേരിയ തോതിലുള്ള വര്‍ധനവ് മാത്രമാണ് ഉണ്ടാകുന്നതെന്നും സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരെ വിലക്കയറ്റം കാര്യമായി ബാധിക്കുന്നില്ലെന്നും അതിനുകാരണം മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടല്‍ ഇടത് സര്‍ക്കാര്‍ നടത്തിയതാണെന്നും മന്ത്രി അവകാശപ്പെട്ടു. കിറ്റിന് ഉള്‍പ്പെടെ 4682 കോടി രൂപ സബ്സിഡിക്ക് വേണ്ടി നല്‍കി. 18,2000 റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹരുടെ കൈയില്‍ നിന്ന് തിരികെ വാങ്ങുകയും ഇതില്‍ 1,42000 കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും ഏപ്രില്‍ 15 നുള്ളില്‍ ബാക്കി വിതരണം ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചില സപ്ലൈകോ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഉടനീളം സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.