ഒമൈക്രോണ്‍ വ്യാപനം: കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും

രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. വൈറസ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും, വാക്‌സിനേഷനില്‍ പുറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലുമാണ് സംഘം എത്തുക. നേരട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ഒമൈക്രോണ്‍ പഞ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തില്‍ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 9 ജില്ലകളും കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം കൂടുതലാണ്. ഇവിടെ സംഘം സന്ദര്‍ശനം നടത്തും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലും, ഉത്തര്‍ പ്രദേശിലും സംഘം നേരിട്ടെത്തി കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി ഉയര്‍ന്നു. ഇതില്‍ 115 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 108 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി 79, ഗുജറാത്ത് 43, തെലങ്കാന 38, കേരളം 37 എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ആശങ്കജനകമായാണ് ഉയരുന്നത്.

Read more

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായേക്കും. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയട്ടുണ്ട്. ഡല്‍ഹിയില്‍ ഉള്‍പ്പടെ പല സംസ്ഥാനങ്ങളും ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.