നിപ വൈറസ് പരിശോധനയുടെ ഇന്ന് വന്ന 61 ഫലങ്ങളും നെഗറ്റീവ്. നിലവില്‍ 994 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തുടർച്ചയായ നാലാം ദിവസവും പോസിറ്റീവ് കേസുകൾ ഇല്ലാത്തത് വലിയ ആശ്വാസമായാണ് ആരോഗ്യവകുപ്പ് കാണുന്നത്.
ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഉണ്ടായിട്ടില്ല. വവ്വാലുകളില്‍ നിന്നും ശേഖരിച്ച സ്രവ പരിശോധനയില്‍ 36 സാംപിളുകളുടെ ഫലവും നെഗറ്റീവ് ആയി. വവ്വാലുകളിലെ സ്രവ പരിശോധന നെഗറ്റീവ് ആയതിനാല്‍ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്. വവ്വാലുകളിലും ചില മൃഗങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നിപ ബാധിച്ച് ഓഗസ്റ്റ് 30 ന് മരിച്ച കളളാട് മുഹമ്മദ് അലിയുടെ വീട്ടു പരിസരം ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നിന്നുളള വവ്വാലുകളുടെ സ്രവമാണ് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിദഗ്ധര്‍ പരിശോധനയ്ക്കയച്ചിരുന്നത്.
Read more
നിപ വൈറസ് ബാധിച്ച മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതെങ്ങനെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് രോഗപ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.