ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ വാര്‍ത്ത, അറസ്റ്റ് ചെയ്താല്‍ വിവാദം, അതാണ് അവരുടെ ഗെയിംപ്ലാന്‍', എനിക്ക് ഭയമില്ല: തോമസ് ഐസക്

തനിക്കെതിരെ ഇഡി നടത്തുന്ന നീക്കം മാധ്യമ ശ്രദ്ധ കിട്ടാനെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു.

ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇഡിയുടെ നടപടിയില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണ്. തന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണം. വിവാദമാണ് നീക്കങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ബൊഹീമിയന്‍ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ദ ട്രൈയല്‍ എന്ന നോവലിനെ ഉദ്ധരിച്ച്, തന്റെ അവസ്ഥയും ഇപ്പോള്‍ അത് പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. നോവലില്‍ ചിലര്‍ ജോസഫ് കെയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, തുടര്‍ന്ന് യാതൊരു വിശദീകരണവും നല്‍കാതെ അറസ്റ്റ് ചെയ്യപ്പെടുന്നു.

ഇപ്പോഴത്തെ സാഹചര്യം അതുപോലെയാണ്, നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാം, പക്ഷെ എന്തിനാണെന്ന് പറയേണ്ടതിന്റെ ആവശ്യമില്ല. ഇത്തരം സംഭവങ്ങള്‍ നേരിടാന്‍ താന്‍ തയ്യാറാണെന്നും മുന്‍ധനമന്ത്രി പറഞ്ഞു.

‘എനിക്ക് ഭയമില്ല, എന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണമെന്നാണ് എനിക്ക് ഇഡിയോടുള്ള അഭ്യര്‍ത്ഥന. ഇഡി നീക്കങ്ങള്‍ കിഫ്ബിക്ക് എതിരാണെന്ന് ഞാന്‍ കരുതുന്നില്ല. ഇടതുപക്ഷം ബിജെപിക്ക് തലവേദനയാണ്. ഇഡിയെ കൊണ്ടുമാത്രം കിഫ്ബിയെ തകര്‍ക്കാനാകില്ല. ഒരു ദിവസമെങ്കിലും ഞാന്‍ ഇഡിക്ക് മുന്നില്‍ ഹാജരായാല്‍ അത് വാര്‍ത്തയാകും. എന്നെ അറസ്റ്റ് ചെയ്താല്‍ അത് വലിയ വിവാദമാകും. അതാണ് അവരുടെ ഗെയിം പ്ലാന്‍ എന്നാണ് എനിക്ക് തോന്നുന്നത്’, തോമസ് ഐസക് പറഞ്ഞു.