റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് റോഡിലെ വെള്ളക്കെട്ട് തടസമാകുന്നുവെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തിന് സമയപരിധി നീട്ടി. സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണം ജൂണ്‍ 15ന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട് നിവാരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. നഗരത്തില്‍ തുടരുന്ന റോഡ് നിര്‍മ്മാണം പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായിരുന്നു.

Read more

ഇതേ തുടര്‍ന്ന് ജനരോക്ഷം കടുത്തതോടെയാണ് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ടത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിലവില്‍ പത്ത് റോഡുകളുടെ പണിയാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങളില്‍ പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, മേജര്‍-മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, കോര്‍പ്പറേഷന്‍ എന്നിവര്‍ സംയുക്ത പ്രവര്‍ത്തനം നടത്താനാണ് ഉന്നത തല യോഗത്തിലെ തീരുമാനം.