നീറ്റ് ക്രമക്കേടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും സമഗ്രമായി അന്വേഷിക്കണം; ശക്തമായ നടപടികള്‍ സ്വീകരിക്കണം; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് കേരളം

കാല്‍ക്കോടിയോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും സമഗ്രമായി അന്വേഷിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നീറ്റ് പ്രവേശന പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കാനും ഭാവിയില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനും ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു.

മെയ് അഞ്ചിന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ഗണ്യമായൊരെണ്ണം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പരീക്ഷാ നടപടിയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചതാണ്. സാധാരണ ഒന്നോരണ്ടോ പേര്‍ മുഴുവന്‍ മാര്‍ക്കും നേടി ഒന്നാമതെത്തുന്ന സ്ഥാനത്ത് 67 പേര്‍ 99.99 ശതമാനം മാര്‍ക്കോടെ ഒന്നാംറാങ്കുകാരായതാണ് പ്രധാനമായും ആശങ്കയുണരാന്‍ കാരണമായത്. പരീക്ഷാ നടത്തിപ്പിലെ ന്യായവും സുതാര്യതയും സംബന്ധിച്ച് ഇത് സംശയങ്ങളുണര്‍ത്തി.
ആക്ഷേപങ്ങള്‍ പരിഗണിച്ച് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍ ടി എ പരാതി പരിഹാര സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത് നന്നെങ്കിലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍ അതിലേറെ ഗൗരവമര്‍ഹിക്കുന്നതാണ്. അടിയന്തിരവും സമഗ്രവുമായ അന്വേഷണം അവ ആവശ്യപ്പെടുന്നുണ്ട്.

വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. അതില്‍ പാളിച്ച വരുന്നത് ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികളുടെ ഉന്നതപഠന സ്വപ്നങ്ങളെയും പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയും ഹാനികരമായി ബാധിക്കും. അക്കാരണത്താല്‍ത്തന്നെ ആക്ഷേപങ്ങള്‍ പരിഗണിക്കേണ്ടതും നീറ്റ് പരീക്ഷാപ്രക്രിയയിലുള്ള വിശ്വാസം വീണ്ടെടുക്കേണ്ടതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്.
ആര്‍ ബിന്ദു പറഞ്ഞു.