മന്ത്രി എകെ ശശീന്ദ്രനെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല; എല്‍ഡിഎഫ് യോഗങ്ങളില്‍ വിളിക്കുന്നില്ല; കേരളത്തില്‍ പത്തിടത്ത് മത്സരിക്കുമെന്ന് എന്‍സിപി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഔദ്യോഗിക വിഭാഗം കേരളത്തില്‍ പത്ത് സീറ്റില്‍ മത്സരിക്കും. എല്‍.ഡി.എഫിലെ അവഗണന ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന് പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി വ്യക്തമാക്കി.

ആറ്റിങ്ങള്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട് മണ്ഡലങ്ങളിലാണ് എന്‍സിപി മത്സരിക്കുക. തുടര്‍ച്ചയായി എല്‍ഡിഎഫ് യോഗങ്ങളില്‍ വിളിക്കുന്നില്ല. മന്ത്രി എ.കെ. ശശീന്ദ്രനെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദേശീയ തലത്തില്‍ ബിജെപിയുമായി സഹകരിക്കുന്നത് സംസ്ഥാനത്ത് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിന് തടസമല്ലെന്ന് അദ്ദേഹം പറഞ്ഞു. ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരവുമുള്ളത് തങ്ങളുടെ വിഭാഗത്തിനാണെന്നും മുഹമ്മദ് കുട്ടി വ്യക്തമാക്കി.