നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍; സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും. കേരളത്തിലെ 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുക. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും
സിപിഎമ്മും ചേര്‍ന്ന് ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

കൊല്ലം ജില്ലയിലെ നവകേരള സദസ് ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. മന്ത്രിസഭ യോഗത്തിന് ശേഷം ഇരവിപുരം മണ്ഡലത്തിലായിരിക്കും ഇന്നത്തെ ആദ്യ പരിപാടി. വൈകുന്നേരത്തോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന നവകേരള സദസിന്റെ ജില്ലയിലെ ആദ്യ പരിപാടി വര്‍ക്കലയിലാണ്. വൈകുന്നേരം 6.30ന് ആണ് വര്‍ക്കലയിലെ പരിപാടി.

Read more

അതേ സമയം പ്രതിഷേധക്കാരെ പൊലീസും സിപിഎമ്മും ചേര്‍ന്ന് ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. നവകേരള സദസ്സ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സമര പരിപാടികളുമായി സജീവമാകുന്നത്.