ദേശീയ നഴ്സിംഗ് കൗണ്‍സില്‍ നിര്‍ദേശം; ബിഎസ്‌സി നഴ്‌സിംഗ് പ്രവേശനത്തിന് ഇനി എന്‍ട്രന്‍സ് പരീക്ഷ; അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2024-25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും.

ദേശീയ നഴ്സിങ് കൗണ്‍സില്‍ പ്രവേശനപരീക്ഷ നടത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് സര്‍ക്കാര്‍ കോളേജുകളിലെ മുഴുവന്‍ സീറ്റിലും സ്വാശ്രയ കോളേജുകളില്‍ പകുതിസീറ്റിലും പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ പ്രവേശന പരീക്ഷ വഴിയാണ് ബിഎസ്സി പ്രവേശനം നടത്തുന്നത്. കേരളം ഇതിനുള്ള നടപടികള്‍ നേരത്തേ തുടങ്ങിയെങ്കിലും മാര്‍ക്ക് അടിസ്ഥാനമാക്കി പ്രവേശനം തുടരുകയായിരുന്നു. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടത്തിപ്പ് ഏജന്‍സി സംബന്ധിച്ച് നഴ്സിങ് കൗണ്‍സില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തുടങ്ങിയവയില്‍നിന്ന് അഭിപ്രായം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.