മതപഠനശാലയിലെ ദുരൂഹമരണം: സ്ഥാപനത്തിന്റെ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ബാലവകാശ കമ്മീഷന്‍

ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ബാലരാമപുരത്തെ മതപഠനശാല പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസം കമ്മീഷന്‍ സ്ഥാപനത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തതിന് ശേഷം കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.

അസ്മിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ അല്‍ അമന്‍ ചാരിറ്റബള്‍ ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായ് ബന്ധുക്കള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ തെളിവെടുപ്പിനായ് സ്ഥാപനത്തില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ സ്ഥാപനത്തിനെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

നിരന്തരമായി അസ്മിയയെ അധ്യാപിക ശകാരിച്ചതായും നന്നാകില്ലെന്ന് പറഞ്ഞ് മറ്റു സഹപാഠികളില്‍ നിന്ന് മാറ്റി ഇരുത്തിയതായും അസ്മിയയുടെ ഉമ്മ റഹ്മത്ത് ബീവി പറഞ്ഞിരുന്നു.അസ്മിയ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിവരം സ്ഥാപനത്തിലുള്ളവര്‍ മറച്ചുവച്ചുവെന്നും  മാതാവ് വെളിപ്പെടുത്തി. കുട്ടിയ്ക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രയില്‍ കൊണ്ടുപോകാനെന്ന് പറഞ്ഞാണ് സ്ഥാപനത്തിലെ അധികൃതര്‍ റഹ്മത്തിനെ വിളിച്ചത്.

Read more

അതേസമയം സ്ഥാപനത്തിലെ മറ്റ് വിദ്യാര്‍ഥിനികള്‍ ഇത്തരം പരാതികളൊന്നുമില്ലെന്ന് മൊഴി നല്‍കി.അസ്മിയയുടെ അനുഭവം തങ്ങള്‍ക്കുണ്ടായിട്ടില്ലെന്നാണ് സഹപാഠികള്‍ പറഞ്ഞത്. നെയ്യാറ്റിൻകര എ എസ് പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.