ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്ലിമിന് ഒന്നിലേറെ വിവാഹം പറ്റൂ എന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. സമ്പത്തുണ്ടെങ്കിലും മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു ഭാര്യയേയുള്ളു എന്നും നീതി ഉറപ്പ് വരുത്തണമെന്ന ഉദ്ഘോഷമാണ് ഖുര്ആന് എന്ന വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്ഥ ആത്മാവെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ബോധവത്കരണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തുല്യനീതി സാധ്യമല്ലെങ്കിൽ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുർആൻ നൽകുന്നതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സമ്പത്തുണ്ടെങ്കിലും മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു ഭാര്യയേയുള്ളൂ. നീതി ഉറപ്പുവരുത്തണമെന്ന ഉദ്ഘോഷമാണ് ഖുർആൻ എന്ന വിശുദ്ധഗ്രന്ഥത്തിൻ്റെ യഥാർഥ ആത്മാവ്. ഇത് മറന്നാണ് ചിലർ ബഹുഭാര്യത്വം സ്വീകരിക്കുന്നത്. സമൂഹവും മതനേതൃത്വവും ഇവരെ ബോധവത്കരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
രണ്ടാംഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന കാഴ്ചപരിമിതിയുള്ള വ്യക്തിക്ക് മതനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സർക്കാർ കൗൺസലിങ് നൽകണമെന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പാലക്കാട് സ്വദേശിയായ അൻപതുകാരൻ ഭിക്ഷാടനത്തിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ചാണ് ഭാര്യമാരെ പോറ്റിയിരുന്നത്. ആദ്യഭാര്യയുമായുള്ള ബന്ധം തുടരുമ്പോഴായിരുന്നു രണ്ടാം വിവാഹം.
തന്നെ തലാഖ് ചെല്ലി മൂന്നാമതും വിവാഹംകഴിക്കാൻ ഭർത്താവ് തീരുമാനിച്ചതിനെത്തുടർന്നാണ് രണ്ടാംഭാര്യ കുടുംബകോടതിയെ സമീപിച്ചത്. ഭിക്ഷാടനത്തിലൂടെ മാസം 25,000 രൂപയോളം വരുമാനമുണ്ടെന്നും 10,000 രൂപ ജീവനാംശം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഭർത്താവ് കാഴ്ചപരിമിതിയുള്ള യാചകനാണെന്നത് കണക്കിലെടുത്ത് കുടുംബകോടതി ആവശ്യം നിഷേധിച്ചു. ജീവനാംശം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്താക്കി.







