മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായതിനു ശേഷം: കെ.പി.എ മജീദ്

യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായതിനു ശേഷമാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കുക എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിംലീഗ് സ്ഥാനാർത്ഥികൾ എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതു കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി പടച്ചുണ്ടാക്കുന്ന ഇത്തരം വാർത്തകളിൽ വഞ്ചിതരാകരുത്. മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കന്നതു വരെ ഊഹാപോഹ ചർച്ചകൾ നടത്തി ഊർജ്ജം കളയരുതെന്നും കെ.പി.എ മജീദ് അറിയിച്ചു.

കെ.പി.എ മജീദിന്റെ പ്രസ്താവന:

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പാർലമെന്ററി ബോർഡുമായി കൂടിയാലോചിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ നിർണയിക്കാൻ കഴിഞ്ഞ പ്രവർത്തക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടിയാലോചനകൾ നടത്തിയ ശേഷം സംസ്ഥാന പ്രസിഡന്റ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതാണ് പാർട്ടിയുടെ പതിവ് രീതി. യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായതിനു ശേഷമാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കുക. അതുകൊണ്ടു തന്നെ ഇതുവരെയും സംസ്ഥാന പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ മുസ്‌ലിംലീഗ് പാർലമെന്ററി ബോർഡ് യോഗം ചേർന്നിട്ടില്ല. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഔപചാരികമോ അനൗപചാരികമോ ആയ യാതൊരു ചർച്ചയും നടന്നിട്ടില്ല.

Read more

മുസ്‌ലിംലീഗ് സ്ഥാനാർത്ഥികൾ എന്ന പേരിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി പടച്ചുണ്ടാക്കുന്ന ഇത്തരം വാർത്തകളിൽ വഞ്ചിതരാകരുത്. മുസ്‌ലിംലീഗിന്റെ സ്ഥാനാർത്ഥികളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കന്നതു വരെ ഊഹാപോഹ ചർച്ചകൾ നടത്തി ഊർജ്ജം കളയാതിരിക്കുക. ഇടതു ഭരണത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ യു.ഡി.എഫിന്റെ മഹത്തായ വിജയത്തിനു വേണ്ടിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നുക.