'യോഗം ചേർന്ന് കൂടി ആലോചിച്ചുള്ള അറസ്റ്റ്'; സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമെന്ന് കുഞ്ഞാലിക്കുട്ടി

ഇബ്രാഹിംകുഞ്ഞ്​ എം.എൽ.എയുടെ അറസ്​റ്റ്​ രാഷ്​ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന്​ വലിയ നഷ്​ടമുണ്ടാക്കുമെന്നും മുസ്​ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണ് ഇബ്രാഹിംകുഞ്ഞിന്‍റേത്. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പറഞ്ഞതിനനുസരിച്ച് ലിസ്റ്റ് ഇട്ട് അറസ്റ്റ് ചെയ്യുകയാണ്. മുമ്പ് വിശദമായ അന്വേഷണം നടന്നപ്പോൾ അറസ്റ്റില്ലായിരുന്നു. അന്വേഷണം കഴിഞ്ഞു കുറേ കാലത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നു. സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

അറസ്റ്റുണ്ടാകുമെന്നു നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. യോഗം ചേർന്ന് കൂടിയാലോചിച്ചാണ് അറസ്റ്റ്. തികച്ചും നാണംകെട്ട നടപടിയാണിത്. നഗ്നമായ അധികാര ദുർവിനിയോഗമാണിത്. കേന്ദ്ര ഏജൻസികളെ കുറ്റം പറയുന്നവർ തന്നെയാണ് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസും ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് രംഗത്തുവന്നു. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സർക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്‍റെ നിർമ്മാണം 30 ശതമാനം നടന്നത് ഈ സർക്കാരിന്‍റെ കാലത്താണ്. പാലം നിർമ്മിച്ച കമ്പനി അഴിമതി നടത്തിയെങ്കിൽ വീണ്ടും അതേ കമ്പനിക്ക് തന്നെ ഈ സർക്കാർ കരാറുകൾ നൽകുന്നത് എന്തുകൊണ്ടാണെന്നും അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.