മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാടാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയിരിക്കുന്നത്.
മുനമ്പത്തെ ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച ജൂഡിഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂവെന്നും സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു. ഈ നിലപാടിനെയാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയിരിക്കുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയായി കാണാൻ കഴിയില്ല.1950ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയിൽ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതിൽ ഉൾപ്പെടുന്നു. ഭൂമി തിുരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Read more
അതേസമയം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോർഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷൻ നിയമനം റദ്ദാക്കിയത്. തുടർന്ന് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.







