ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ. സിപിഎം പുലിയൂർ ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ദേവസ്വം ബോർഡ് മെമ്പർ പിഡി സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ല. ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ശബരിമല സ്വർണ കവർച്ച കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതി ചേർത്തു. 2019ലെ എ.പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് എഫ്ഐആറിൽ ഒന്നാം പ്രതി. 9 ദേവസ്വം ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്.
2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി.മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, അസി.എൻജിനീയർ കെ.സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ, തിരുവാഭരണം കമ്മിഷണർമാരായ കെ.എസ്.ബൈജു, ആർ.ജി.രാധാകൃഷ്ണൻ, പാളികൾ തിരികെ പിടിപ്പിച്ചപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.രാജേന്ദ്രൻ നായർ എന്നിവരാണ് ഈ 9 പേർ.







