മോന്‍സണ്‍ മാവുങ്കലില്‍ നിന്നും പണം കൈപ്പറ്റി; പ്രസ് ക്ലബ്ബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയ കേസില്‍ എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മോന്‍സന്‍ മാവുങ്കലിന്റെ കൈയില്‍ നിന്ന് പത്തു ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിലാണ് പ്രസ് ക്ലബ്ബ് സെക്രട്ടറി ശശികാന്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ട്വന്റിഫോര്‍ ന്യൂസിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് സഹിന്‍ ആന്റണി പത്തു ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കല്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിക്ക് നല്‍കിയതായി മൊഴി നല്‍കിയത്. പത്തു ലക്ഷം രൂപ ശശികാന്തിന്റെ അക്കൗണ്ടിലേക്ക് മോന്‍സണ്‍ മാവുങ്കല്‍ നല്‍കിയെന്നായിരുന്നു മൊഴി. പത്തു ലക്ഷത്തിന്റെ കമ്മീഷനായി രണ്ടു ലക്ഷം രൂപ തനിക്ക് കമ്മീഷനായി ശശികാന്ത് നല്‍കിയതായും സഹിന്‍ മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടു തവണയും ഹാജരാകാതിരുന്ന ശശികാന്തിനെ നോട്ടീസ് നല്‍കാന്‍ വിളിപ്പിക്കുകയായിരുന്നു. പ്രസ് ക്ലബ്ബ് കുടുംബമേളയില്‍ ഭക്ഷണത്തിന്റെ പണം നല്‍കിയത് മോന്‍സന്‍ മാവുങ്കലെന്ന് നേരത്തെ സഹിന്‍ ആന്റണി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസ് ക്ലബ്ബിന്റെ കണക്കുകളില്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം കൈപ്പറ്റിയതായ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇതോടെ പ്രസ് ക്ലബ്ബ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്. ഇതിനിടെയാണ് എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.