മോഫിയയുടെ ആത്മഹത്യ; സി.ഐക്ക് എതിരെ നടപടി വേണം, സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ

മോഫിയയുടെ മരണത്തിൽ സിഐ സുധീറിന് എതിരെ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി. സിഐക്കെതിരെ നടപടി എടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. കേസിൽ ഡി.വൈ.എസ്.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നും സതീദേവി പറഞ്ഞു.

സ്ത്രീവിരുദ്ധമായ സമീപനമാണ് പൊതുസമൂഹത്തിൽ നിലനിൽക്കുന്നത്. പൊലീസ് സംവിധാനത്തിലും ഇത് കാണുന്നുണ്ട്. സിഐക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. മോഫിയയുടെ മരണത്തിൽ വനിതാ കമ്മീഷൻ പരിശോധന നടത്തുകയാണെന്നും നിലവിൽ കേസെടുത്തിട്ടില്ലെന്നും അവർ അറിയിച്ചു.

കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണം. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാർക്ക് ലിംഗനീതി സംബന്ധിച്ച് പരിശീലനം നൽകണമെന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.

Read more

അതേസമയം മോഫിയയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് വൈകിയതായി ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും കേസ് രജിസ്റ്റർ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്ത ദിവസമാണ്. 25 ദിവസമാണ് കേസെടുക്കാൻ വൈകിയത്. വിഷയത്തിൽ സിഐ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.