ഉമ്മന്‍ചാണ്ടിയുടെ കാലത്തെ കാര്യം പറയണോ, നോട്ടീസ് പിന്താങ്ങിയ കുഞ്ഞാലിക്കുട്ടി അതിലും കേമം; പരിഹസിച്ച് എം.എം. മണി

കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിനെ പരിഹസിച്ച് എംഎം മണി. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കാര്യം പറയണോ എന്ന് എം.എം മണി നിയമ സഭയില്‍ ചോദിച്ചു. എന്തു സ്ത്രീ സുരക്ഷയെ കുറിച്ചാണ് ഇവര്‍ പറയുന്നതെന്നും മണി സഭയിൽ ചോദിച്ചു.  സ്ത്രീ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത് പിസി വിഷ്ണു നാഥാണ്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കാര്യം പറയണോ, പിന്നെ നോട്ടീസ് പിന്താങ്ങിയ കുഞ്ഞാലിക്കുട്ടി അതിലും കേമം. പിന്നെ ജോസഫ് അതും ഗംഭീരം. ഇവര്‍ തന്നെ സ്ത്രീ സുരക്ഷയെപ്പറ്റി പറയണമെന്നും എംഎം മണി പരിഹസിച്ചു.

അതേസമയം നിയമസഭയിൽ എ.കെ. ശശീന്ദ്രനെ മുഖ്യമന്തിയും ന്യായികരിച്ചു. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ലെന്നും പാർട്ടിക്കാർ തമ്മിലുള്ള തർക്കമാണ്  ശശീന്ദ്രൻ അന്വേഷിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. പരാതിക്കാരിക്ക് പൂർണമായും നിയമസംരക്ഷണം ഉറപ്പാക്കുംമെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more

ഇതിന് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എ കെ ശശീന്ദ്രനായുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചെന്നും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള ലൈസന്‍സാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും കുറ്റപ്പെടുത്തിയിരുന്നു. സ്ത്രീധന പീഡന കേസുകള്‍ അദാലത്തില്‍ വച്ച് തീര്‍ക്കാനാകുമോ എന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചിരുന്നു.