വാച്ച് ആന്റ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടലില്ല; നിയമസഭാ സംഘര്‍ഷ കേസില്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടി; കടുത്ത വകുപ്പുകള്‍ ഒഴിവാക്കും

നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. പ്രതിപക്ഷ ആംഗങ്ങളുടെ ആക്രമണത്തില്‍ വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടല്‍ ഏറ്റെന്ന സര്‍ക്കാര്‍ വാദം കള്ളമെന്ന് തെളിഞ്ഞു. നേരത്തെ വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഈ വാദം തെറ്റെന്ന് തെളിഞ്ഞത്.

ഏഴ് വകുപ്പുകള്‍ പ്രകാരമാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇതില്‍ മൂന്നെണ്ണം ജാമ്യമില്ലാ വകുപ്പുകളായിരുന്നു. ഇതിലെ ഏതാനും വകുപ്പുകള്‍ ഒഴിവാക്കേണ്ടിവരും. അതേസമയം ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നിലനില്‍ക്കും.

നിയമസഭാ സമ്മേളനത്തിനിടെ പ്രതിഷേധവുമായി സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെകെ രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനും പരുക്കേറ്റത്.