രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് പുറത്തെടുത്തത്; മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നില്‍ക്കുന്നു; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നിട്ടിപ്പോള്‍ അവര്‍ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ചയാണിത്. കേരളത്തില്‍ വര്‍ഗീയത ഉയര്‍ത്തുന്നത് ഇടതുപക്ഷമാണ് എന്ന തെറ്റിധാരണ പരത്താനാണ് മാധ്യമങ്ങള്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. വടകര വിഷയത്തില്‍ അതാണ് കണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കും. വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വര്‍ഗീയ ധ്രുവീകരണ ശക്തികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ദേശീയതലത്തില്‍ സംഘപരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതിന് സമാനമായ രീതിയില്‍ വടകരയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ശ്രമിക്കുകയായിരുന്നു. ഇത് തുറന്നുകാണിക്കാനുള്ള നീക്കം തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തും.

വലിയ തോതിലുള്ള ധ്രുവീകരണ നീക്കത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ക്ഷേത്രവരുമാനം മുസ്ലീങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ബിജെപി വക്താവ് സഞ്ജു വര്‍മ ചാനലിലൂടെ കള്ളപ്രചാരണം നടത്തി. തികച്ചും തെറ്റായ കാര്യമാണിത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സിഎഎ, രാമക്ഷേത്ര വിഷയങ്ങള്‍ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോള്‍ മോദി നേരിട്ട് വര്‍ഗീയ പ്രചാരണം ഏറ്റെടുത്തു. കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആര്‍എസ്എസും പയറ്റുകയാണ്. ഇത്തരം പ്രചാരണങ്ങളെ മറികടന്ന് രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാര്‍ രൂപംകൊള്ളുമെന്ന സാധ്യതയാണ് വിലയിരുത്തുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.