മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

നിയമഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇത് നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണെന്നും യൂണിയന്‍ പറഞ്ഞു.

മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഇതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. പി ആര്‍ ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്. സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും യൂണിയന്‍ വ്യക്തമാക്കി.

നടപടി വാച്ച് ആന്റ് വാച്ച് വാര്‍ഡിന് പറ്റിയ തെറ്റാണെന്നാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിക്കുന്നത്. എന്നാല്‍ ഈ വാദം അംഗീകരിക്കാനാകില്ല. ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആന്‍ഡ് വാര്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേയ്ക്ക് നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കണം. മാധ്യമവിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് വാച്ച് ആന്‍ഡ് വാര്‍ഡിന് ഉണ്ടായ ആശയക്കുഴപ്പമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രതിപക്ഷനേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോകാമെന്നും സ്പീക്കറുടെ പ്രസ് സെക്രട്ടറി അറിയിച്ചു.

രാവിലെ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. മീഡിയ റൂമിലേക്ക് മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയിരുന്നത്. സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കിയില്ല. പിആര്‍ഡി നല്‍കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ദൃശ്യവും സഭ ടിവിയില്‍ നല്‍കിയില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് നല്‍കിയത്.