ബ്രഹ്‌മപുരത്തെ മാലിന്യമലകള്‍ ഇല്ലാതായി; ക്രിക്കറ്റ് കളിച്ച് മന്ത്രി; ബോളെറിഞ്ഞ് മേയറും എംഎല്‍എയും; കേരളത്തിലെ എല്ലാ മാലിന്യക്കൂനകളും ഇല്ലാതാകുമെന്ന് എംബി രാജേഷ്

ബ്രഹ്‌മപുരത്ത് സി.ബി.ജി (കംപ്രസ്ഡ് ബയോ ഗ്യാസ്) പ്ലാന്റ് മാര്‍ച്ച് അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. റെക്കോര്‍ഡ് വേഗത്തിലാണ് ബി.പി.സി.എല്ലിന്റെ നേതൃത്വത്തില്‍ പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്‌കരിച്ച് 15 ടണ്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഇത്. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ഗ്യാസ് പൈപ്പ് ലൈനിലൂടെ റിഫൈനറിയില്‍ എത്തിച്ച് ഉപയോഗിക്കും.

കൊച്ചിയിലെ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനൊപ്പം തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പ്ലാന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബി.പി.സി.എല്‍ തന്നെയാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുക. കൂടാതെ കണ്ണൂര്‍, കൊല്ലം, ചങ്ങനാശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബ്രഹ്‌മപുരം അപകടത്തെ മാലിന്യമുക്ത നവകേരള സൃഷ്ടിക്കുള്ള അവസരമായാണ് സര്‍ക്കാര്‍ കണ്ടത്. 2023 ലെ അപകട ശേഷം ബ്രഹ്‌മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റും എന്ന് ഉറപ്പു നല്‍കിയിരുന്നു. അന്നതിനെ പരിഹസിച്ചവര്‍ ഉണ്ട്. എന്നാല്‍ കൊച്ചിക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുകയാണ്.

ബ്രഹ്‌മപുരത്തെ മാലിന്യമലകള്‍ ഓരോന്നായി ഇല്ലാതാവുകയാണ്. ബ്രഹ്‌മപുരത്ത് പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്ന മാലിന്യമാണ് ബയോ മൈനിംഗിലൂടെ നീക്കം ചെയ്യുന്നത്. ബയോമൈനിംഗ് 75 ശതമാനം പൂര്‍ത്തിയായി. ആകെ കണക്കാക്കിയ 8,43,000 ടണ്‍ മാലിന്യത്തില്‍ 6,08,325 ടണ്‍ മാലിന്യം ബയോ മൈനിംഗിലൂടെ നീക്കി. ഇങ്ങനെ 18 ഏക്കര്‍ സ്ഥലം വീണ്ടെടുക്കാനും കഴിഞ്ഞു. ആകെയുള്ള 39 ഏക്കര്‍ സ്ഥലത്തിന്റെ 46 ശതമാനമാണിത്. മാലിന്യം നീക്കം ചെയ്ത പ്രദേശത്താണ് സി.ബി.ജി പ്ലാന്റ് ഒരുങ്ങുന്നതും.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേര്‍ന്ന് തയ്യാറാക്കിയ 706.55 കോടിയുടെ പദ്ധതിക്ക് കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. ബയോമൈനിംഗിലൂടെ വീണ്ടെടുത്ത പ്രദേശത്താകും മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുക.

കൊച്ചിയിലെ ബ്രഹ്‌മപുരം, തൃശൂരിലെ ലാലൂര്‍, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്, കൊല്ലത്തെ കുരീപ്പുഴ ചണ്ടിഡിപ്പോ, ഗുരുവായൂരിലെ ശവക്കോട്ട തുടങ്ങി മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങള്‍ക്ക് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തിലെ 59 മാലിന്യക്കൂനകളില്‍ 24ഉം പൂര്‍ണമായി വൃത്തിയാക്കി സ്ഥലം വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബ്രഹ്‌മപുരം ഉള്‍പ്പെടെ 10 സ്ഥലങ്ങളില്‍ ഈ പ്രവൃത്തി അവസാനഘട്ടത്തിലാണ്. 25 സ്ഥലങ്ങളില്‍ പ്രവൃത്തി ആരംഭിച്ചിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മാലിന്യക്കൂനകളില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെയാണ് ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. നാടാകെ ഇതിനൊപ്പം അണിനിരക്കുകയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് ക്യാമ്പയിന്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മാര്‍ച്ച് 30 ഓടെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ വിപുലമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

സംസ്ഥാനത്തെ ആകെ മുന്നേറ്റത്തിനൊപ്പം കൊച്ചിയിലും മാലിന്യ സംസ്‌കരണത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. മാലിന്യം വലിച്ചെറിയുക, ബ്രഹ്‌മപുരത്ത് തള്ളുക എന്ന മനോഭാവത്തില്‍ നിന്ന് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലേക്ക് കൊച്ചി മാറിവരുന്നു. ഡോര്‍ ടു ഡോര്‍ കളക്ഷന്‍ 93.62 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2023 മാര്‍ച്ചില്‍ വെറും രണ്ട് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ ഉണ്ടായിരുന്നത് 2025 ല്‍ 60 ആയി ഉയര്‍ന്നു. 2120 പരിശോധനകള്‍ നടത്തുകയും 13,962941 രൂപ പിഴ ഈടാക്കുകയും ചെയ്തു.

മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കാന്‍ അടുത്ത രണ്ടുമാസം വിപുലമായ ശ്രമം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണത്തിന് പുറമേ പരിശോധനകള്‍ വര്‍ധിപ്പിക്കും. നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

Read more

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ വിവിധ പോയിന്റുകള്‍ സന്ദര്‍ശിച്ച് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ബയോ മൈനിംഗിലൂടെ വീണ്ടെടുത്ത സ്ഥലത്ത് ഒരുക്കിയ പിച്ചില്‍ ക്രിക്കറ്റ് കളിക്കുകയും സമീപസ്ഥലത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.