മറിയക്കുട്ടി വിഐപി; പെന്‍ഷന്‍ നല്‍കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

അടിമാലി സ്വദേശി മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഹര്‍ജി പരിഗണിക്കുമ്പോള്‍ വളരെ വൈകാരികമായിട്ടായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം.

78 വയസുള്ള സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപയ്ക്ക് വേണ്ടി നിങ്ങള്‍ക്ക് മുന്നില്‍ കാത്ത് നില്‍ക്കുന്നത്. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്നും കോടതി അറിയിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനാലാണ് നാല് മാസത്തെ പെന്‍ഷന്‍ മുടങ്ങിയതെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

പെന്‍ഷന്‍ നല്‍കാന്‍ കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. പണമില്ലാത്തതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷം മുടങ്ങുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ കോടതിയില്‍ എത്തിയ മറിയക്കുട്ടി ഒരു വിഐപിയാണ്. വിഷയത്തില്‍ നാളെ തന്നെ തീരുമാനം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.