വിവാഹം വ്യക്തിപരം; ലവ് ജിഹാദ് ബി.ജെ.പിയുടെ നുണബോംബാണെന്ന് മുഹമ്മദ് റിയാസ്

ലവ് ജിഹാദ് ബിജെപിയുടെ നുണ ബോംബാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് ലവ് ജിഹാദെന്നും മന്ത്രി പറഞ്ഞു. കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹം വിവാദമായതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി നിരപരാധികള്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നു. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ലൗ ജിഹാദിനെ കുറിച്ച് പാര്‍ട്ടിക്ക് ഒരു നിലപാടേ ഉള്ളൂ.

വിവാഹം ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആര് വന്നാലും ചെറുക്കും. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ഒപ്പം വിലക്കയറ്റമടക്കമുള്ള ജനവിരുദ്ധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് ലവ് ജിഹാദ് എന്ന ഇല്ലാകഥ ബിജെപി ഉയര്‍ത്തുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. മിശ്രവിവാഹത്തില്‍ അസ്വാഭാവികതയില്ല. വിവാഹം പരസ്പര സമ്മതത്തോടെയാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് എം തോമസ് ചില പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു. ജോര്‍ജ് എം. തോമസിന് പിശക് പറ്റിയതാണ്. അദ്ദേഹം പറഞ്ഞത് നാക്കുപിഴയായി കണക്കാക്കിയാല്‍ മതി. പിശക് ജോര്‍ജിന് ബോധ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം അത് പാര്‍ട്ടിയെ അത് അറിയിക്കുകയും ചെയ്തുവെന്നും മോഹനന്‍ പറഞ്ഞു.

ലവ് ജിഹാദെന്നത് ആര്‍.എസ്.എസ് പ്രചാരണം മാത്രമാണ്. കോടഞ്ചേരിയില്‍ ഈ വിവാഹം മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരായ പ്രചാരണം നടക്കുന്നുണ്ട്. ഇത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് യോഗത്തില്‍ തെറ്റിദ്ധാരണ തിരുത്തും. ലൗ ജിഹാദിനെ കുറിച്ച് പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പി മോഹനന്‍ അറിയിച്ചു.

സംഭവത്തിന് പിന്നാലെ ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും, ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളമാണെന്നുമാണ് ഡിവൈഎഫ്ഐ വ്യക്തമാക്കിയത്.