'അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവർ, സിംഹാസനത്തിൽ നിന്നിറങ്ങൂ'; വിമർശനവുമായി എം മുകുന്ദനും

എംടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ കെഎല്‍എഫ് വേദിയില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തി എഴുത്തുകാരന്‍ എം മുകുന്ദനും. അധികാരത്തില്‍ ഇരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. സിംഹാസനത്തില്‍ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂവെന്നാണ്. ജനങ്ങള്‍ വരുന്നുണ്ട്, മുകുന്ദന്‍ പറഞ്ഞു.

ഇപ്പോള്‍ നാം ഉള്ളത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. അതോടൊപ്പം കിരീടത്തിന്റെ പ്രാധാന്യം കൂടിവരുന്നു. കിരീടത്തേക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട. വിമര്‍ശനം എല്ലാ ഭരണാധികാരികള്‍ക്കും ബാധകമാണെന്നും മുകുന്ദന്‍ പറഞ്ഞു.

ഇടത് സര്‍ക്കാര്‍ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളില്‍ ഇടര്‍ച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം. പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ചുകൊണ്ട് സിപിഐഎം നേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്‍.

നേരത്തെ, ഇതേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എംടി വാസുദേവന്‍ നായര്‍ അധികാരവിമര്‍ശനം നടത്തിയിരുന്നു. ഇ.എം.എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം.ടി. അധികാരത്തെ വിമര്‍ശിച്ചത്. അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിച്ചുമൂടിയെന്ന് എം.ടി. പറഞ്ഞു. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നും എം.ടി. ചൂണ്ടിക്കാട്ടിയിരുന്നു.