മിന്നൽ പരിശോധന തുടരും; ജോലിത്തിരക്കായതിനാൽ ട്രോളുകൾ ശ്രദ്ധിക്കാറില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്

മിന്നൽ പരിശോധനയെ വിമർശിച്ചുള്ള ട്രോളുകൾക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മറുപടി. സർക്കാർ നയമാണ് നടപ്പാക്കുന്നതെന്നും മന്ത്രി ആയിരിക്കുന്നിടത്തോളം കാലം തന്റെ മിന്നൽ പരിശോധന തുടരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. രാവിലെ മുതൽ വൈകിട്ടു വരെ ജോലിത്തിരക്കായതിനാൽ ട്രോളുകൾ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലെന്നും വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. വടകര റെസ്റ്റ് ഹൗസിൽ മന്ത്രി നടത്തിയ മിന്നൽ പരിശോധനയെ വിമർശിച്ച് നിരവധി ട്രോളുകൾ വന്നിരുന്നു.

എന്ത് വിമര്‍ശനമുണ്ടായാലും ജനം ഒപ്പമുണ്ടെന്നുള്ള വിശ്വാസമുണ്ട്. പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് മന്ത്രി ഓഫീസില്‍ കയ്യുംകെട്ടിയിരുന്നാല്‍ മതിയോ, വിമര്‍ശനങ്ങള്‍ വരുന്നതിനാല്‍ ഇനി പുറത്തേക്കിറങ്ങുന്നില്ലെന്ന് കരുതിയിരുന്നാല്‍ നാളെ അതിനും വരില്ലേ വിമര്‍ശനമെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ എല്ലാ ജില്ലകളിലും ഒട്ടുമിക്ക താലൂക്കുകളിലും സന്ദര്‍ശനം നടത്തിയെന്നും മന്ത്രി പറഞ്ഞു.

പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. കാര്യങ്ങള്‍ എല്ലാം സുതാര്യമാകണമെന്നും ജനങ്ങളെ കാണിച്ചുള്ള പരിപാടി മതി ഇവിടെയെന്നും മന്ത്രി പറഞ്ഞു. മുഹമ്മദ് റിയാസ് തന്റെ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നത് ഇപ്പോൾ പതിവാണ്. വടകര റെസ്റ്റ് ഹൗസിൽ നടത്തിയ മിന്നൽ സന്ദർശനത്തിൽ മന്ത്രി മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു. തുടർന്ന് മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.