ലൈഫ് മിഷന്‍ പദ്ധതി വിവാദം; കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പരിഗണനയിലെന്ന് മന്ത്രി എ.കെ ബാലന്‍

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ വാങ്ങിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പരിഗണനയിലെന്ന് മന്ത്രി എ കെ ബാലന്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒപ്പിടാന്‍ പാടില്ലെന്ന് നിയമവകുപ്പ് പറഞ്ഞിട്ടില്ല. നിയമവകുപ്പ് നിര്‍ദേശിച്ചതൊക്കെ എം.ഒ.യുവില്‍ ഉണ്ട്. ഇത്തരം ധാരണാപത്രത്തിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്നും  എ കെ ബാലന്‍  പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി വിശദമായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കൺസൾട്ടൻസിയും മാറ്റാൻ ഉദ്ദേശമില്ലെന്ന് എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ളവരെ വെച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. പാവങ്ങൾക്ക് വീടു കിട്ടുന്നതിൽ പ്രതിപക്ഷത്തിന് അസൂയയാണെന്നും, രാജ്യദ്രോഹപരമായ നടപടിയാണ് അവരുടേതെന്നും, ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബാലൻ പറഞ്ഞു. അതോടൊപ്പം കൂടെയുള്ള എം.എൽ.എമാർ അവിടെത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.

Read more

അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമ, തദ്ദേശവകുപ്പുകളുടെ ഫയലുകളാണ് വിളിപ്പിച്ചത്. ഫ്ലാറ്റ് നിര്‍മ്മാണം ഉള്‍പ്പെടെ പ്രോജക്ടുകളില്‍ കരാറുകാരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെവ്വേറെ കരാര്‍ ഉണ്ടാകണമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതനുസരിച്ചുള്ള തുടര്‍കരാറുകള്‍ ഉണ്ടായില്ല.