'കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ'; കെപിസിസി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്; നേതൃത്വത്തെ തുടരെ പ്രതിസന്ധിയിലാക്കി സുധാകര പക്ഷം

കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട അനശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കെ സുധാകരനെ അനുകൂലിച്ച് കെപിസിസി ഓഫീസിന് മുന്നില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ്. നേരത്തെ പാലക്കാട് ഡിസിസി ഓഫീസിന്റെ പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ എന്ന വാചകമാണ് കെപിസിസി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സിലുള്ളത്. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടികളുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നതിനിടെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സുധാകര പക്ഷം ഹൈക്കമാന്റിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. കെ സുധാകരനെ ചുമതലയില്‍ നിന്ന് മാറ്റരുതെന്നും മാറ്റിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന്‍ പക്ഷം അറിയിച്ചു. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഹൈക്കമാന്റ് ആണെന്നും സുധാകരന്‍ പക്ഷം ആരോപിക്കുന്നു.

നേതൃമാറ്റം സംബന്ധിച്ച് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ കെപിസിസി അധ്യക്ഷ പദവി ഒഴിയില്ലെന്ന നിലപാടില്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

ഇതിനായി കെ സുധാകരന്‍ നേതാക്കളുടെ പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഹൈക്കമാന്റിനെതിരെ നിലപാടുമായി സുധാകരന്‍ പക്ഷം രംഗത്തുവന്നത്. കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിക്കെതിരെയായിരുന്നു സുധാകരന്‍ പക്ഷത്തിന്റെ വിമര്‍ശനം.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണം ദീപാ ദാസ് മുന്‍ഷി ആണെന്നും അവരെ ഉടനെ ചുമതലയില്‍ നിന്നും മാറ്റണമെന്നുമാണ് ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ ചുമതലയില്‍ നിന്നും നീക്കാനാണ് ഹൈക്കമാന്റ് തീരുമാനം.