കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾ. പക്വതയോടെ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച വ്യക്തിത്വമായിരുന്നു പി പി തങ്കച്ചനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നല്ല സുഹൃത്തിനെ നഷ്ടമായെന്ന് എ കെ ആന്റണിയും പി പി തങ്കച്ചൻ ഉത്തമനായ കോൺഗ്രസുകാരാനെന്ന് പി ജെ കുര്യനും പ്രതികരിച്ചു.
പിതൃതുല്യനായ നേതാവായിരുന്നു പി പി തങ്കച്ചൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ആദരണീയനായ നേതാവെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു പിപി തങ്കച്ചനെന്നും താന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരുന്നു ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരുന്നു പിപി തങ്കച്ചന് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പി പി തങ്കച്ചൻ. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. 86 വയസായിരുന്നു. യുഡിഫ് മുൻ കൺവീനറും മുൻ കെപിസിസി പ്രസിഡന്റും ആയിരുന്നു പി പി തങ്കച്ചൻ. 2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ ആക്ടിംഗ് പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1991 മുതൽ 95 വരെ സ്പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു.







