കായല്‍ മലിനീകരണം: സംസ്ഥാന സര്‍ക്കാരിന് പത്ത് കോടി രൂപ പിഴയിട്ട് ഹരിത ട്രൈബ്യൂണല്‍

സംസ്ഥാന സര്‍ക്കാരിന് പത്ത് കോടി രൂപ പിഴയിട്ട് ഹരിത ട്രൈബ്യൂണല്‍. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതില്‍ നടപടിയെടുക്കാത്തതിനാണ് ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് പിഴ ചുമത്തിയിരിക്കുന്നത്.

തുക ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനുള്ളില്‍ കര്‍മപദ്ധതി നടപ്പാക്കുകയും അതിനുള്ളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് പിഴത്തുക ഈടാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി കൃഷ്ണദാസ് സര്‍ക്കാരിനെതിരെ നല്‍കിയ കേസിലാണ് ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചെയര്‍മാന്‍ ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിഷയവിദഗ്ധന്‍ ഡോ. എ. സെന്തില്‍വേല്‍ എന്നിവരുള്‍പ്പെട്ടതാണ് ബെഞ്ച്.

രണ്ട് കായലുകള്‍ക്കും ചുറ്റുമുള്ള സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും മാലിന്യ സംസ്‌കരണത്തിന് നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയതായി ട്രൈബ്യൂണല്‍ വിലയിരുത്തി. ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോള്‍ 100 മില്ലിലിറ്ററില്‍ 2500ല്‍ അധികമാണ് കോളിഫോം ബാക്ടീരിയയുടെ എണ്ണം.

കായല്‍ മലിനീകരണത്തിന് എതിരെയുള്ള കേസ് 2022 ഫെബ്രുവരി 28ന് സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഹൗസ് ബോട്ടുകള്‍, ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നോട്ടീസ് നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ട്രൈബ്യൂണലിന് തൃപ്തികരമായിരുന്നില്ല.