എല്‍.ഡി.എഫിനോട് അടുക്കുന്നില്ല; ഐസക് പറഞ്ഞത് ചരിത്രം: കുഞ്ഞാലിക്കുട്ടി

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വച്ച് ചിലര്‍ കഥയുണ്ടാക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഐസക്ക് പറഞ്ഞതില്‍ രാഷ്ട്രീയമില്ല. ലീഗ് എല്‍.ഡി.എഫിനോട് അടുക്കുന്നുവെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തോമസ് ഐസക് പി.കെ.കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി രം?ഗത്തെത്തിയത്. സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടായിരുന്നു തോമസ് ഐസകിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട സംഭവങ്ങളും തോമസ് ഐസക് പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. നിയമസഭയില്‍ ആയാലും പുറത്തായാലും തല്‍സമയ പ്രസംഗമാണു ശൈലി. നിയസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴും അങ്ങനെ തന്നെ. ഒരു കടലാസും കൈയ്യില്‍ ഉണ്ടാവില്ല. പക്ഷെ കൃത്യമായി ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്യുന്ന ആളാണ് കുഞ്ഞാലികുട്ടിയെന്ന് തോമസ് ഐസക് പറയുന്നു.

മുസ്ലിംലീഗ് പൊതുവില്‍ ജനകീയാസൂത്രണത്തോടു നല്ലരീതിയില്‍ സഹകരിച്ചിരുന്നുവെന്നും ഇതിന്റെ മുഖ്യകാരണം ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 29-ാം വയസ്സില്‍ കുഞ്ഞാലിക്കുട്ടി 1980-ല്‍ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി. 1982-ല്‍ എംഎല്‍എ ആയെങ്കിലും ചെയര്‍മാന്‍ സ്ഥാനവും തുടര്‍ന്നു. ഈ രണ്ട് പദവികളും മലപ്പുറം നഗരത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തി ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം കളക്ട്രേറ്റ് ഇന്നത്തെ സ്ഥാനത്തേയ്ക്കു മാറ്റിസ്ഥാപിച്ചത് അക്കാലത്താണ്.

വനിതാ കോളേജ്, കോട്ടമൈതാന നവീകരണം, ഷോപ്പിംഗ് കോംപ്ലക്‌സ്, പല പ്രധാനപ്പെട്ട റോഡുകള്‍ തുടങ്ങിയവയിലെല്ലാം ചെറുപ്പക്കാരനായ അദ്ദേഹത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പു സംബന്ധിച്ച് പലവട്ടം ഞങ്ങള്‍ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.