ഹൈടെക്കാകാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ബസുകള്‍; ഗൂഗിള്‍ മാപ്പിലൂടെ യാത്രക്കാര്‍ക്ക് സമയക്രമം അറിയാനാകും

ഹൈടെക്കാകാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ബസുകള്‍. ഇനി ഗൂഗിള്‍ മാപ്പിലൂടെ യാത്രക്കാര്‍ക്ക് ബസുകളുടെ സമയക്രമം അറിയാനാകും. ഇതിനായി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് പ്രവേശിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് കെഎസ്ആര്‍ടിസി ഇതിനായി ഉപയോഗിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ ഡിപ്പോയിലെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് എത്തുന്നത്. ഇതേ തുടര്‍ന്ന് 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ സമയക്രമം ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് കെഎസ്ആര്‍ടിസി മാറ്റിയിട്ടുണ്ട്. ഇതിനായി ബസുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ഇത് പ്രാവര്‍ത്തികമാകുന്നതോടെ ബസുകളുടെ ലൈവ് ലൊക്കേഷന്‍ യാത്രക്കാര്‍ക്ക് പങ്കുവയ്ക്കാന്‍ സാധിക്കും. ബൈപ്പാസ് റൈഡറുകള്‍, സിറ്റി സര്‍ക്കുലര്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദീര്‍ഘദൂര ബസുകളും ഘട്ടം ഘട്ടമായി ആപ്പിലേക്ക് മാറുമെന്ന് കെഎസ്ആര്‍ടിസി അറിയിക്കുന്നു. പദ്ധതിയ്ക്കായി 5105 ജിപിഎസ് മെഷീനുകള്‍ കെഎസ്ആര്‍ടിസി ഇതോടകം വാങ്ങിയിട്ടുണ്ട്.