നേതൃത്വത്തിന്റെ മുന്നറിയിപ്പിന് പുല്ല് വില; ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയ്‌ക്കൊരുങ്ങി കെപിസിസി; അതൃപ്തി പ്രകടിപ്പിച്ച് എ ഗ്രൂപ്പ്

നേതൃത്വത്തിന്റെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാതെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയ്‌ക്കൊരുങ്ങി കെപിസിസി. ആര്യാടന്‍ ഷൗക്കത്തിനെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നത് ഉള്‍പ്പെടെ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന റാലി സമാന്തര പ്രവര്‍ത്തനമായി കണക്കാക്കുമെന്ന് ആയിരുന്നു കെപിസിസി നല്‍കിയ നോട്ടീസിലെ മുന്നറിയിപ്പ്. അതേ സമയം കെപിസിസി മുന്നറിയിപ്പ് വകവയ്ക്കാതെ ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാതെ നടത്തിയ റാലി കെപിസിസി നേതൃത്വത്തിന് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല.

ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുക്കാനാണ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതൃനിര തീരുമാനിച്ചിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാമെന്നുള്ള സ്ഥിതിയുണ്ടാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എ ഗ്രൂപ്പിലെ പ്രധാന നേതാവിനെതിരെ നടപടി എടുത്താല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.

Read more

ആര്യാടന്‍ ഷൗക്കത്ത് രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ പ്രധാന നേതാവാണെന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്. പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കിയതില്‍ തന്നെ എ ഗ്രൂപ്പില്‍ ശക്തമായ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ആര്യാടന്‍ ഫൗണ്ടേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ട് ഇപ്പോള്‍ നടത്തിയ റാലിയെ സമാന്തര പ്രവര്‍ത്തനമായി കണക്കാക്കുന്നതിനെതിരെയും പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉടലെടുത്ത് കഴിഞ്ഞു.