'ഏതോ ഒരു കുട്ടിക്ക് പാമ്പുകടിയേറ്റതിന് ശേഷം അദ്ധ്യാപകര്‍ എല്ലാ സ്‌കൂളിലും മാളം തപ്പി നടക്കുന്നു'- കെ. പി.എ മജീദ്

വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിനു ശേഷം അദ്ധ്യാപകര്‍ സ്‌കൂളുകളില്‍ മാളം തപ്പി നടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകര്‍. വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റം ഉണ്ടാവുന്നില്ല,” കെപിഎ മജീദ് പറഞ്ഞു.

മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടുന്ന രീതി ശരിയല്ല. മുഖ്യമന്ത്രിയുടെ വിരട്ടല്‍ ശൈലി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ കഴിയുമെന്ന് ആരും കരുതേണ്ടെന്നും മജീദ് പറഞ്ഞു. മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു.

വയനാട് ബത്തേരിയില്‍ സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം സംസ്ഥാനത്ത് വന്‍ വിവാദമായിരുന്നു.

കേസിലെ ഒന്നാം പ്രതി അദ്ധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് ഇരുവരും.