കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകം: പ്രതി ആദം അലി പിടിയില്‍

കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തിലെ പ്രതി ബംഗാള്‍ സ്വദേശി ആദം അലി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ആദം അലിയെ പിടികൂടിയത്. കൊലപാതകത്തിന് പിന്നാലെ പ്രതി സംസ്ഥാനം വിടുകയായിരുന്നു. പ്രതി ഇന്നലെ വൈകിട്ട് 4.10ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

കൃത്യം ചെയ്തത് ആദം അലി തനിച്ചെന്നാണ് നിഗമനം. മൃതദേഹം കിണറ്റിലിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട മനോരമയുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവി ദൃശ്യമാണ് കിട്ടിയത്. പ്രതിയായ ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നതാണ് ദൃശ്യം. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്. എന്നാല്‍ പ്രതിക്ക് സഹായം ലഭിച്ചിരുന്നോയെന്നത് വ്യക്തമല്ല.

അതേസമയം മോഷണത്തിനിടെയാാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. 60000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ ഈ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ഈ പണം സുരക്ഷിതമായി ഉണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കൊലപാതക ശേഷം പ്രതിയായ ആദം അലി സുഹൃത്തുക്കളെ വിളിച്ചു. രക്ഷപ്പെടുന്നതിനായി പുതിയ സിം എടുക്കാനാണ് സുഹൃത്തുക്കളെ വിളിച്ചത്. രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്നാണ് ആദം സുഹ്യത്തുകളെ വിളിച്ചത്. സിമ്മുമായി എത്തിയപ്പോള്‍ ആദം രക്ഷപ്പെട്ടതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.